Sunday, November 22, 2015

കാവ്യാഭിചാരം

അനിർവ്വചനീയമായ ആന്തരിക ദഹനത്തിന്റെ വാങ്മയ രൂപമാണ്‌ കവിത. സർഗ്ഗാഗ്നിയുടെ അത്യുഷ്ണമേൽക്കാത്ത രചനകളെ കവിതയെന്നു വിളിക്കുക തന്നെ കഷ്ടം. കാരണം ആ അഗ്നിയിൽ പാകപ്പെട്ടു വരാത്ത വാക്കുകൾക്ക് ജീവനുണ്ടാകുന്നതെങ്ങനെ?

അനുവാചകന്‌ ആനന്ദം പകരുമെങ്കിലും അടങ്ങാത്ത വേദന തന്നെയാണ്‌ ഓരോ കവിതയുടെ പിറവിയും. കരയാൻ മനസ്സില്ലാത്തവനും കവിതയെഴുതാം. അത്യാഹ്ലാദത്തെയും വാക്കിലാവാഹിച്ച് ചാരുതയേകാം. രണ്ടായാലും, ഇനിയതുമല്ല മറ്റേതൊരു പ്രേരകശക്തിയാൽ കത്തിക്കയറുന്ന ഭാവനാവിലാസമായാലും ഉള്ളിൽ നിറയുന്ന ഊർജ്ജത്തിന്റെ തോത് ഒരു ശരാശരി അനുഭവത്തിൽ നിന്നും പല മടങ്ങ് ഉയരെ നിൽക്കാത്തിടത്തോളം ശരിയായ കവിത ഉരുവാകുന്നില്ലെന്നു തന്നെ പറയാം. ആധുനിക കവികൾ ഒരു പക്ഷേ നിഷേധിച്ചേക്കാവുന്ന പ്രസ്താവനയാണിത്. ആധുനിക രചനാസങ്കേതങ്ങളിൽ വാക്കിനോ, വൃത്ത-താള-അർത്ഥ-വ്യാകരണാദികൾക്കോ സ്ഥാനമില്ലല്ലോ. പ്രത്യുത 'ക്യൂ' നിന്നു കിട്ടുന്ന ‘അഗ്നിജലം’ കത്തിച്ചു തീർക്കുന്ന ബോധമണ്ഡലത്തിൽ അവ്യക്തമാവുന്ന കാഴ്ചയെ കുഴയുന്ന നാവും, മറിയുന്ന മനസ്സുമായി കയ്യിൽ കിട്ടുന്ന പീച്ചാങ്കോലെടുത്ത് നിരത്തിപ്പിടിച്ചു വരച്ചു വയ്ക്കുന്നതിനെയാണല്ലോ ഇന്ന് ആധുനിക കവിത എന്ന് ഓമനപ്പേരിട്ടു ലാളിക്കുന്നത്.

ഒരു പുസ്തകശാലയിൽ കടന്നു ചെന്ന് ഒരു നല്ല പുസ്തകം തിരഞ്ഞാൽ വമ്പിച്ച സമയനഷ്ടമാണു ഫലം. കാരണം, കുന്നു കൂടിക്കിടക്കുന്ന മേൽപ്പറഞ്ഞ തരം ചവറുകളുടെ അതിപ്രസരം. പ്രസാധകർക്കും ഈ ചവറുകളോടാണു പഥ്യം. സ്വയംകൃതാനർത്ഥങ്ങളിൽ അച്ചടിമഷി പുരട്ടാൻ എത്ര കാശു വേണമെങ്കിലും ചിലവാക്കാൻ മടിയില്ല ആധുനിക കവികൾക്ക്. എന്നാൽ നല്ല സൃഷ്ടികളെ വല്ല വിധത്തിലും പ്രകാശിപ്പിക്കാൻ, കൊള്ളാവുന്ന എഴുത്തുകാർ മിനക്കെടാറില്ല. അവ സ്വയം പ്രകാശിതങ്ങളെങ്കിൽ ഒരു നാളിൽ അവ ഉയർന്നു വരുമെന്ന ബോദ്ധമുള്ളതിനാലാണോ, അതോ സൃഷ്ടി എന്ന തന്റെ കർത്തവ്യത്തിനോ, ആത്മനിർവൃതിക്കോ അപ്പുറം അതിന്മേൽ അവകാശം സ്ഥാപിച്ചെടുക്കാനുള്ള താൽപര്യക്കുറവോ നല്ല രചയിതാക്കൾ തങ്ങളുടെ പല മനോഹര സൃഷ്ടികളും ഉത്സാഹത്തോടെ പ്രസിദ്ധീകരിച്ചു കാണുന്നില്ല. അഥവാ പ്രസിദ്ധീകരിച്ചാലോ, എട്ടിലും ഏഴിലും ഗർഭാധാനത്തിനു മുൻപേ പോലും പെറ്റ പൊട്ടന്മാരുടെയിടയിൽ അവ വീർപ്പുമുട്ടി മുങ്ങിത്താഴുകയുമാണ്‌ പതിവ്‌.

ഇത് നല്ല വായന കാംക്ഷിക്കുന്ന അനുവാചകർക്ക് ദുരന്തമാണു സമ്മാനിക്കുന്നത്. ബാലേട്ടൻ പറയാറുള്ളതു പോലെ കവിതയെഴുത്ത് ബാധയൊഴിപ്പിക്കലാണ്‌ നല്ല കവികൾക്ക്. എന്നാൽ ചവറെഴുത്തുകാർക്കോ? അനുവാചകന്റെ തലയിൽ ബാധയെ ആവാഹിച്ചു കയറ്റുകയാണവർ.

വായന മരിച്ച കാലത്താണു നമ്മൾ ജീവിക്കുന്നത്. അതു പോരാഞ്ഞ് വാക്കിനെ കൊല്ലാക്കൊല ചെയ്യുന്ന എഴുത്തുകാരുടെ അക്രമവും അതിനു കുട പിടിക്കുകയും, എന്തു നാണം കെട്ട പണിയും ചെയ്ത് അതിനെ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന പ്രസാധകരും കൂടിയാകുമ്പോൾ നല്ലതു കാണാനും, വായിക്കാനും, അറിയാനും ആഗ്രഹിക്കുന്ന വായനക്കാർ എന്തു ചെയ്യും? എങ്ങോട്ടു പോകും? നല്ല കവിതകൾ അസ്തമിച്ചതിനേക്കുറിച്ചല്ല, ഉദിച്ചു വരുന്ന ധൂമകേതുക്കളെ പ്രതിയാണ്‌ ഇന്ന് ആശങ്ക. ചത്ത കൊച്ചിന്റെ ജാതകം നോക്കിയിട്ടല്ല, അനുനിമിഷം പിറന്നു വീഴുന്ന കുട്ടിപ്പിശാചുക്കളെ കണ്ടാണ്‌ ഞങ്ങൾ ഞെട്ടുന്നത്...

© കാവാലം ജയകൃഷ്ണൻ

Tuesday, November 3, 2015

കവിതയെഴുത്തും മൂരിക്കറിയും

മൂരിക്കറിയുണ്ടാക്കുന്നതു പോലെയാണ്‌ കവിതയെഴുത്തെന്ന ചില അത്യുത്തരാധുനിക കപി (ഈ വാക്കിനു ലിംഗവിവേചനം പാടില്ല. ആണും പെണ്ണും പെടും)കളുടെ അലിഖിത സിദ്ധാന്തത്തെ സാധൂകരിക്കുന്ന ‘സാധനങ്ങൾ’ തിങ്ങി നിറഞ്ഞ ചില ഫേസ്‌ ബുക്ക് പേജുകൾ കാണാനിടയായി. ശിവ ശിവ... ഒരു പ്രൊഫൈൽ നിറയെ കക്കൂസ്‌ മാലിന്യം നിറച്ചു വച്ചിരിക്കുന്നു എന്ന് ഒറ്റ വാക്കിൽ പറയാം.

ഇത്തരക്കാരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണെന്ന് സത്യമായും മനസ്സിലാവുന്നില്ല. മലയാള കവിതയുടെ ശാപമാണ്‌ ഇത്തരം ദ്രോഹികൾ. ഫേസ്‌ ബുക്കിലെന്നല്ല പ്രസിദ്ധീകൃതമായ പുസ്തകരൂപത്തിലും ഇന്ന് പുസ്തകക്കടകളിൽ കൂടുതലും ഇതൊക്കെത്തന്നെ. ഒരു പുസ്തകക്കടയിൽ കയറി നല്ല ഒരു കവിതാപുസ്തകം തിരഞ്ഞെടുക്കണമെങ്കിൽ മണിക്കൂറുകളുടെ അദ്ധ്വാനമാണ്‌ ഇത്തരം കീടങ്ങൾ കാരണം ഉണ്ടാവുന്നത്. ഈ ചവറുകൂനകളുടെ ഇടയിലോ അടിയിലോ കുപ്പയിലെ മാണിക്യം പോലെ ഒന്നോ രണ്ടോ പുസ്തകങ്ങളിൽ അമ്മമലയാളം വീർപ്പു മുട്ടുന്ന കാഴ്ച! മധുരം കിനിയുന്ന അത്തരം നാമമാത്രമായ കവിതാനിധികൾക്കു വേണ്ടി ഇത്തരം കക്കൂസ്‌ മാലിന്യങ്ങളിൽ കയ്യിട്ടളിക്കേണ്ട ഗതികേടിലാണ്‌ മലയാള കവിതയെ സ്നേഹിക്കുന്നവർ.

പ്രശസ്തിക്കുവേണ്ടിയാണ്‌ ഈ കാട്ടിക്കൂട്ടുന്നതെങ്കിൽ, അതു കിട്ടാൻ ഇതിലും നല്ല വഴികൾ പലതുമില്ലേ? ആഭാസത്തരം കാണിച്ച്, അതും ചിന്തിക്കാനും, സംസാരിക്കാനും പഠിപ്പിച്ച അമ്മമലയാളത്തെ തന്നെ വസ്ത്രാക്ഷേപം ചെയ്തുകൊണ്ടുള്ള നിർല്ലജ്ജമായ ആഭാസത്തരം കാണിച്ച് കിട്ടുന്ന കുപ്രസിദ്ധി എന്തിനാണ്‌?

അസഹനീയമാകുന്നുണ്ട്‌ പലപ്പോഴും. ബ്ലോഗുകൾ ആക്ടീവായിരുന്ന കാലത്ത് ഇത്തരം പാഷാണത്തിൽ കൃമികളുടെ ഉപദ്രവം വളരെ കൂടുതലായിരുന്നു.

പൊട്ടക്കവിതകൾ ചമച്ചു ബ്ലോഗുകൾ വൃത്തികേടാക്കുക, അതിനു സംഘം ചേർന്ന് ഓശാന പാടുക, എന്തു തോന്നിവാസമാണിതെന്നു ആരെങ്കിലും ചോദിച്ചാൽ, ഉപജാപകവൃന്ദങ്ങളോടു ചേർന്ന് അവരെ സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങി വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന പ്രവർത്തികൾ ബ്ലോഗിൽ പരിചയമുള്ള എല്ലാവർക്കും അറിയുന്നതായിരിക്കും.

എന്നാലിന്നത് ഫേസ്‌ബുക്കിലേക്കും പതിയെ പടർന്നു കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്‌. ദയവായി ഈ തീവ്രവാദം ഒന്നു നിർത്തൂ കപികളേ... ഞങ്ങൾ മലയാളികൾ എന്തു ദ്രോഹമാണ്‌ നിങ്ങളോട്‌ ചെയ്തത്?

പേരോർമ്മയില്ലാത്ത ഒരു കവിയുടെ വരികൾ കടമെടുത്തുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കട്ടെ,

പൊട്ടിക്കാം തേങ്ങ നൂറെണ്ണം
മുട്ടിക്കാതെയൊരാണ്ടു ഞാൻ
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ...

© കാവാലം ജയകൃഷ്ണൻ

Tuesday, March 30, 2010

ഗൌതമി നാരായണന്‍

വായനശാല അടച്ചു പൂട്ടിയോ എന്നു ചിലര്‍ എന്നോടു ചോദിക്കുകയുണ്ടായി. വായനശാലയില്‍ ചേര്‍ക്കുവാന്‍ പറ്റിയ ഒരു ബ്ലോഗുപോലും കണ്ടെത്താന്‍ കഴിയാഞ്ഞത് എന്‍റെ തെറ്റായിരിക്കാം. എന്നിരുന്നാലും അങ്ങനെയൊന്ന് ഇതുവരെ കാണാഞ്ഞതു കൊണ്ട് ചേര്‍ത്തില്ല എന്നു മാത്രം. ഇപ്പോള്‍ ഇതാ ഒരെണ്ണം കണ്ടെത്തിയിരിക്കുന്നു.

എത്രയോ കാതങ്ങളപ്പുറത്തൂന്നൊരു
മിത്രമണഞ്ഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടു വന്നെത്തിയ
മിത്രമിവള്‍ക്കു പേരോര്‍മ്മ...


ഗൌതമി നാരായണന്‍ എന്ന എഴുത്തുകാരിയുടെ ‘കോയ്മിക്കവിതകള്‍‘ എന്ന ബ്ലോഗില്‍ കണ്ടെത്തിയ കവിതാനിധിയിലെ വരികളാണിത്.

പരസ്പരബന്ധമില്ലാത്ത പദങ്ങള്‍ കൊണ്ട് സര്‍ക്കസ്സ് കാണിച്ച് കയ്യടി മേടിക്കുന്ന ബൂലോകത്ത് ഈ കവയത്രി ശ്രദ്ധിക്കപ്പെടാതെ പോയതില്‍ അത്ഭുതമൊന്നും ഞാന്‍ കാണുന്നില്ല. എന്നാല്‍ നൂറു കണക്കിനു പൊട്ടക്കവിതകള്‍ കുത്തി നിറച്ച അത്യുത്തരാധുനിക ബ്ലോഗുകളേക്കാള്‍ ഹൃദ്യവും മധുരതരവുമായ പദസഞ്ചയങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തിരിക്കുന്ന, കേവലം മൂന്നു കവിതകള്‍ കൊണ്ടു മാത്രം ആത്മാവില്‍ തൊടുന്ന ഈ കുഞ്ഞു ബ്ലോഗിന് എത്രയധികം സൌന്ദര്യമുണ്ടെന്നത് ആ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവിച്ചറിയാം.

മഴ വീണ മണ്ണിന്റെ പുതുമണം സൂക്ഷിച്ചു
പഴകിയ ചെപ്പും തുരുമ്പെടുക്കെ,
അകലങ്ങളാത്മാവിലെഴുതിയ സ്വപ്നങ്ങ-
ളലയുന്നു പിന്നെയും മേഘങ്ങളായ്……

ഇങ്ങനെ അവസാനിക്കുന്ന ‘അലയുന്ന മേഘങ്ങള്‍‍ക്കായ്’ എന്ന കവിത, കവയത്രിയുടെ മഴത്തുള്ളികള്‍ എന്ന തൂലികാനാമതെ അന്വര്‍ത്ഥമാക്കുന്നു. മഴ പലപ്പോഴും ഒരു പുതുമ സമ്മാനിക്കാറുണ്ട്, ഒരു മഴ പെയ്തു തീരുമ്പോള്‍, പൊടി വീണു മങ്ങിയ ഇലകളിലും, മരങ്ങളിലും, മലകളിലുമെല്ലാം ഒരു പുതു വര്‍ണ്ണം, അഥവാ പൊടിയാല്‍ മൂടിക്കിടന്ന സത്യത്തിന്‍റെ പുനര്‍ജ്ജനി, ഒരു ഓര്‍മ്മപ്പെടുത്തല്‍... ആ ഓര്‍മ്മപ്പെടുത്തലായി തോന്നി ഈ നാലുവരികള്‍. അതുകൊണ്ടു തന്നെ ഈ വരികള്‍ വായിക്കുമ്പോള്‍, ദ്രവിച്ചു പോകുന്ന ശരീരത്തിനുള്ളിലും അതിരില്ലാതെ അലയടിച്ചുയരുന്ന മോഹങ്ങളെ ഓര്‍ക്കുവാനാണെനിക്കിഷ്ടം.

ചിതലുകള്‍ എന്ന കവിത ഒരു തമാശക്കവിതയെങ്കിലും, കവയത്രിയുടെ ഭാഷയെ അല്‍‍പമൊന്നു തിരുത്തിക്കുറിച്ചാല്‍ ‘കവിത്വം’ എന്ന അടങ്ങാത്ത ഭ്രാന്തിന്‍റെ ഇടവേളകളിലെ ഒരു നിശ്വാസമായി അനുഭവപ്പെട്ടു. ഇങ്ങനെ നിശ്വസിക്കണമെങ്കിലും തലയുടെ അകത്ത് ആളുതാമസം വേണം, അഥവാ ഭാവനയുടെ ജന്മസിദ്ധമായ പ്രതിഭയുടെ സാന്നിദ്ധ്യമുണ്ടാവണം. അക്ഷരങ്ങള്‍ വരച്ചിട്ട ആ ഒറ്റമുറിയുടെ തെക്കേ അറ്റവും, ചുവരില്‍ തൂങ്ങുന്ന സൂര്യന്‍റെ ചിത്രവും നേരില്‍ കാണാന്‍ കഴിയുന്നില്ലേ?

അവിടവിടെ അക്ഷരത്തെറ്റുകള്‍ കാണാനുണ്ട്. പ്രത്യേകിച്ചും ചില്ലക്ഷരങ്ങള്‍. അതു മിക്കവാറും സാങ്കേതികപ്രശ്നമാണ്. സമയം ആ കുറവു നികത്തുക തന്നെ ചെയ്യും.

എന്‍ മുറിപ്പാടിന്‍ കറുത്ത നിണത്തില്‍-
ക്കലര്‍ത്തിടാമീ വര്‍‍ണ്ണമേളം
അക്കടും ചായം തുളുമ്പുന്ന തൂലിക-
യ്ക്കൊന്നേ കുറിക്കുവാനാകൂ
അവ്യക്തമേതോ വിദൂരജന്‍‍മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

അതേ പൂര്‍വ്വജന്‍‍മങ്ങളില്‍ വിരചിതമായ ഗാഢമായ അനുഭവങ്ങളുടെ സമ്പന്നതയും സൌരഭ്യവുമുണ്ട് ഈ ബ്ലോഗിലെ കവിതകള്‍ക്ക്. പൂര്‍വ്വജന്‍‍മങ്ങളില്‍ കുറിക്കുവാന്‍ കഴിയാതെ പോയവയുടെ വരവറിയിക്കുന്നുണ്ട് ഗൌതമിയുടെ അക്ഷരങ്ങള്‍... മധുരസമുള്ള മഴത്തുള്ളികളായ് അവ ഓരോ ഭാഷാസ്നേഹിയുടെയും ആത്മാവില്‍ മധുരം പകര്‍ന്ന് പൊഴിയട്ടെ... ഓരോരോ തുള്ളികളായ്...

കവയത്രിക്ക് ഉജ്ജ്വലമായ ഒരു ഭാവി നേരുന്നു.


© ജയകൃഷ്ണന്‍ കാവാലം

Tuesday, October 6, 2009

10. ഹേനാ രാഹുല്‍

തീക്ഷ്ണചിന്തകളുടെ നെരിപ്പോടെരിയുന്ന ഒരിടമാണ് ഹേനാരാഹുലിന്‍റെ നിശാശലഭം എന്ന ബ്ലോഗ്‌.

അന്നെല്ലാം വാക്കുകളായിരുന്നു....
വിരിവും സുഗന്ധവുമായവ.
ഓരോ വാക്കിലും തേനൂറും.
നിമിഷത്തേക്കല്ല,തുടര്‍ച്ചകളായി,
വിരിഞ്ഞൊരു വാക്കു മതിയായിരുന്നു നിറയാന്‍,ഒഴുകാന്‍...

ഇങ്ങനെ ഹേനയുടെ വാക്കുകളിലൂടെ തന്നെ പറഞ്ഞാല്‍ വാക്കുകള്‍ പുഴയായി, മദിച്ച് രമിച്ച് ചിന്തകളുടെ തീജ്വാലയായി പടരുന്നുണ്ട്‌ പല കവിതകളിലും.

ആധുനിക സങ്കേതത്തിന്‍റെ സാദ്ധ്യതകളെ നന്നായി ഉപയോഗിച്ചിരിക്കുന്ന പല കവിതകളിലും മനസ്സിന്‍റെ വികാരോഷ്മാവിന്‍റെ പ്രസ്ഫുരണങ്ങള്‍ ഉണ്ട്. ഇവിടെയാണ് കാവ്യം ആസ്വാദനത്തിന്‍റെ തലം വിട്ട് അനുഭമവമായി നമ്മിലേക്കു പടരുന്നത്. ഗാന്ധര്‍വ്വം, കിണര്‍, കര്‍ക്കിടകരാവ്‌, വാക്ക് തുടങ്ങി ഹേനയുടെ ഒട്ടുമിക്ക കവിതകളും കാവ്യത്തെ അനുഭവമാക്കി മാറ്റുന്ന ഐന്ദ്രജാലികത ഉള്‍ക്കൊള്ളുന്നവയാണ്. ഒരു പക്ഷേ അതു തന്നെയാവാം നിശാശലഭത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതും വര്‍ണ്ണാഭമാക്കുന്നതും.

ചക്കിനും കൊക്കിനും കൊള്ളാത്ത എന്റെ വാക്കുകളെ
വരമൊഴിയുടെ ഉത്സവമെന്ന് നീ പരിചരിക്കുന്നു

എന്ന് ചാറ്റിംഗ് എന്ന കവിതയില്‍ ഹേന പറയുന്നു. എന്നാല്‍,

അമ്മയുടെ കണ്ണില്‍ നിന്നാണ്
ആദ്യത്തെ കടല്‍ അറിഞ്ഞത്
ഉപ്പിന്റെ പ്രഭവമറിഞ്ഞത്
യാത്രയുടെ സ്വാതന്ത്ര്യമറിഞ്ഞത്
ആഴമെത്രയെണ്ണിയാലും
തിരിച്ചടിയുമെന്നും അറിഞ്ഞത്
ഒടുവില്‍
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്ത്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നത്
എന്താണെന്നും...

ഇങ്ങനെയൊഴുകുന്ന, അമ്മ എന്ന കവിതയിലെ ഈ വരികളെ അര്‍ത്ഥഗര്‍ഭമായ വാക്കുകളുടെ മഹോത്സവം എന്നു തിരുത്തി വിളിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലളിതമായി പറഞ്ഞു വച്ചിരിക്കുന്ന ഏതാനും വരികള്‍ നമ്മിലേക്കു പകര്‍ന്നു തരുന്ന ഊര്‍ജ്ജം വളരെ വലുതായി അനുഭവപ്പെടുന്നില്ലേ? ലോകം അറിയേണ്ടിയിരിക്കുന്നു ഹേന രാഹുലിനെ...

പനി വീടിനോടുള്ള സ്നേഹമാണ്, കിടക്ക, കഥയിങ്ങനെ എന്നിങ്ങനെയുള്ള ഒരു പിടി കവിതകള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളുടെയും ചിന്തയുടെയും ഗാംഭീര്യവും, ഗഹനതയും, അവയുടെ അവതരണത്തിലെ ലാളിത്യവും, മിതത്വവും അത്യത്ഭുതത്തോടെ ഈ കവയത്രിയെ നിരീക്ഷിക്കുവാന്‍ ഏതൊരു വിമര്‍ശകനേയും, ആസ്വാദകനേയും നിര്‍ബന്ധിതനാക്കുന്നു.

കവിതകളെല്ലാം തന്നെ ആശയസമ്പന്നവും സുന്ദരവുമാണെങ്കിലും പല പല കവിതകളിലും ആവര്‍ത്തിക്കുന്ന ചില വാക്കുകള്‍ കവയത്രിയുടെ പദസമ്പത്തിന്‍റെ ന്യൂനതയെയാണോ അതോ അറിയാതെ സംഭവിച്ചു പോകുന്നതാണോ എന്ന സംശയമുണ്ടാക്കുന്നു. പത്തു കവിതകള്‍ ഒന്നിച്ചു വായിച്ചാല്‍ പത്തിലും പൊതുവായ ചില വാക്കുകള്‍ കടന്നു വരുന്നില്ലേ എന്ന് സംശയം തോന്നുന്നു. കവനകലയില്‍ ഇതൊരു ന്യൂനതയാണോ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും അത് ചെറിയൊരു കല്ലുകടിയുണ്ടാക്കി. ബ്ലോഗിന്‍റെ ടൈറ്റിലില്‍ ‘ഞാനൊറ്റ’ എന്നൊരു വാചകം എന്താണെന്ന് മനസ്സിലാകുന്നില്ല. ചില വരികള്‍ അനാവശ്യസ്ഥലത്ത് മുറിയുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഹേനാരാഹുല്‍ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഈ ഒക്ടോബറില്‍ ഒരു വര്‍ഷമാകുന്നു. ഈ കുറഞ്ഞ കാലഘട്ടം കൊണ്ട്‌ ഈ കവയത്രി നമുക്കു തുറന്നു തന്നിരിക്കുന്ന വായനയുടെ വസന്തം വളരെ വര്‍ണ്ണാഭമാണെന്നതില്‍ സംശയമില്ല. കുഞ്ഞു കുഞ്ഞു കവിതത്തുമ്പികള്‍ പറന്നു നടക്കുന്ന നിശാശലഭത്തിന് ഈ ഒന്നാം വയസ്സില്‍ എല്ലാ വിധ ആശംസകളും അറിയിക്കുന്നതോടൊപ്പം മനോഹരമായ ആ ചിന്താധാരകള്‍ ലോകമറിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.


© ജയകൃഷ്ണന്‍ കാവാലം

Tuesday, June 23, 2009

9. നീരജ

കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ?) മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം.

വാരി വലിച്ചു വൃത്തികേടാക്കാതെ ലളിതമായ പദവിന്യാസം കൊണ്ട്‌ പങ്കു വച്ചിരിക്കുന്ന ചിന്തകള്‍ക്ക് ആഴവും, ഭംഗിയുമുണ്ട്. ഹ്രസ്വം മധുരമായിരിക്കും എന്നതിന്‍റെ തെളിവാണ് പല കവിതകളും.

ചിലന്തി വല രൂപപ്പെടുത്തുന്നതിനു മുന്‍പേ
വലയില്‍ വീഴേണ്ടവര്‍
യാത്ര തുടങ്ങിയിട്ടുണ്ടാവും
ലക്ഷൃസ്ഥാനം ഒരുക്കാനുള്ള തിരക്കിലാണ് ചിലന്തി

ഗഹനമായ ചിന്തയ്ക്കു തിരികൊളുത്തുന്ന ധാരാളം ചോദ്യോത്തരങ്ങള്‍ ഈ പത്തു വരിയായി എഴുതിയിരിക്കുന്ന നാലുവരിക്കവിതയിലുണ്ട്. ഇതില്‍ കവി പാലിച്ചിരിക്കുന്ന മിതത്വം തന്നെയാണ് ഈ കവിതയുടെ മൂല്യവും, സൌന്ദര്യവും.

പ്രതീക്ഷ, അകലം, മേല്‍‍ക്കൂര തുടങ്ങി നീരജയുടെ പല കവിതകളും ചൂണ്ടിക്കാണിച്ചു തരുന്നത് നാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളെയാണ്. കവി തിരുത്താന്‍ ശ്രമിക്കുന്നില്ല. ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. പല സന്ദര്‍ഭങ്ങളിലും തിരുത്തല്‍ശക്തി കൂടിയായി നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ എന്തുകൊണ്ടോ കവി ഉള്‍ക്കൊള്ളുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകാതെയിരുന്നില്ല.

ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്ന്...

ഇങ്ങനെ ഹൃദയത്തില്‍ നൊമ്പരം പകരുമ്പോഴും, പറയാതെ മൌനിയാകുന്നതാണോ കവിധര്‍മ്മം എന്ന് ചിന്തിക്കുന്നത് എത്രമാത്രം യുക്തിയോട് ചേര്‍ന്നു നില്‍ക്കുന്നു എന്നറിയില്ലെങ്കിലും, സ്വതന്ത്രനായ ഒരു അനുവാചകനെന്ന നിലയില്‍ ചിന്തിച്ചു പോയി എന്നു മാത്രം.

പ്രണയത്തെ സ്മരിക്കുന്ന മനോഹരമായ ഒരു കവിതയുണ്ട്‌ മഴവീട്ടില്‍. കൈ പിടിച്ച് കൂടെ നടത്തിയെ അച്ഛന്‍റെ ഓര്‍മ്മ പോലെ ആര്‍ദ്രമായി പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നത് അത്ഭുതമുളവാക്കി. ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന ഏതൊരാളുടെയും നഷ്ടവസന്തത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പോന്ന ആ കവിതയിലും കവി പാലിച്ചിരിക്കുന്ന -മേല്‍ സൂചിപ്പിച്ച- മിതത്വം മറ്റെല്ലാ കവിതെയെയുമെന്ന പോലെ ഈ കവിതയെയും മനോഹരിയാക്കുന്നു.


© ജയകൃഷ്ണന്‍ കാവാലം

Saturday, May 30, 2009

നിഴലില്‍ പരതിയപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍

അനിതരസാധാരണമായ നിരീക്ഷണപാടവം, ചെറുതില്‍ നിന്നും വലുതിലേക്കും, അതു പോലെ തന്നെ വലുതില്‍ നിന്നും ചെറുതിലേക്കും അതിവേഗത്തില്‍, ആയാസരഹിതമായി സഞ്ചരിക്കുവാന്‍ കഴിയുന്ന ആഖ്യാനരീതി ഇതു രണ്ടുമാണ് കാപ്പിലാന്‍ കവിതകളുടെ പ്രധാന പ്രത്യേകതകളായി ആദ്യ വായനയില്‍ അനുഭവപ്പെട്ടത്.

അമ്മയെ ഓര്‍ത്തുകൊണ്ട് തുടങ്ങിയിരിക്കുന്ന ‘നിഴല്‍ച്ചിത്രങ്ങള്‍‘ എന്ന കവിതാ സമാഹാരത്തെ ഒരു പ്രവാസിയുടെ പരിശ്രമം അല്ല മറിച്ച് സ്വന്തം നാട്ടില്‍, സ്വന്തം സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍റെ ഉള്‍ത്തുടിപ്പുകളായി മാത്രമേ വിലയിരുത്തുവാന്‍ കഴിയുകയുള്ളൂ.

സ്നേഹിച്ചു നിങ്ങളെ ഞാനെന്‍ പ്രാണനേക്കാള്‍
സ്വപ്നങ്ങള്‍‍ ഒരുപാടു കണ്ടിരുന്നു

എന്ന് തന്‍റെ ആദ്യ കവിതയിലൂടെ കവി അമ്മയുടെ മനസ്സിനെ ആവിഷ്കരിക്കുന്നു. ആ കവിതയെ അനുഭവിക്കുമ്പോള്‍ ആര്‍ദ്രമാവാത്ത മനസ്സുള്ളവന്‍ മനുഷ്യനല്ല. അതിലെ തന്നെ രണ്ടാമത്തെ കവിത. കരിയില. കുമാരനാശാന്‍റെ വീണപൂവിനെ ഓര്‍ത്തു പോയി ആ കവിത കണ്ടപ്പോള്‍. എന്നും നന്മയെ വാഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള കാവ്യശാഖയാണ് നമുക്കുള്ളത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവയെ, അത് കരിയിലയായാലും, സാമൂഹിക വിഷയങ്ങളായാലും, എന്തു തന്നെയായാലും ജനം തിരിച്ചറിയാത്തവയെ ചൂണ്ടിക്കാണിക്കുക എന്നത് കവിധര്‍മ്മമാണ്. അതിനുള്ള ആര്‍ജ്ജവം (ആണത്തം) കവിക്കുണ്ടാകണം. ഇന്ന് ബ്ലോഗുകളില്‍ പലര്‍ക്കും ഇല്ലാതെ പോയ നട്ടെല്ല് എന്നു പറയുന്ന സാധനം നിഴല്‍ച്ചിത്രകാരന് ഉണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അതോടനുബന്ധിച്ചു വരുന്ന പോസ്റ്റുകളിലെ അനോണികളുടെ കൈകൊട്ടിക്കളി.

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്‍റെയംഗ-
മാവിഷ്കരിച്ചു ചിലഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

എന്ന് കാവ്യസൌകുമാര്യം വഴിഞ്ഞൊഴുകുന്ന, മലയാളകവിതകളിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നു തന്നെയായ വീണപൂവിലൂടെ പാടിയ മഹാകവി പോലും കാണാതെപോയ ഒരു കാഴ്ചയാണ് ആ പൂവിനു ചുറ്റും കിടന്നിരുന്നേക്കാവുന്ന അനേകം കരിയിലകളെ. ആ കരിയിലകളേക്കുറിച്ചു പാടാനും നമുക്കൊരു കവി വേണ്ടേ? വീണപൂവിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ മനസ്സുകളില്‍ നൂറു നിമിഷമെങ്കിലും കാപ്പിലാന്‍റെ കരിയില ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല.

മുന്‍പ് എവിടെയോ എഴുതിയത് ആവര്‍ത്തിക്കട്ടെ, കുമാരനാശാന്‍ വീണപൂവ്‌ എഴുതുന്നതിനു മുന്‍പും ഇവിടെ ധാരാളം പൂവുകള്‍‍ കൊഴിഞ്ഞിരുന്നു. എന്നാല്‍ ക്രാന്തദര്‍ശിയായ കവി അതു കണ്ടപ്പോള്‍ മാത്രമാണ് ആ കാഴ്ചയില്‍ നിന്നും കാവ്യം ജനിച്ചത്. ഈ ക്രാന്തദര്‍ശിത്വം, നിരീക്ഷണപാടവം കാപ്പിലാന്‍ കവിതകളുടെ സൌന്ദര്യത്തിന് മാറ്റു കൂട്ടുന്നു.

നാം തൃണവല്‍ഗണിച്ചു കടന്നു പോകുന്ന കാഴ്ചകളിലെ സന്ദേശങ്ങള്‍ കാവ്യരൂപത്തില്‍ മനസ്സുകളിലേക്കു പകരുക എന്നത് ഒരു സിദ്ധി കൂടിയാണ്. അതിനൊരുത്തമ ഉദാഹരണമാണ് കുപ്പത്തൊട്ടി, തൂവാല, പഴത്തൊലി എന്നീ കവിതകള്‍. അവിടെ കവി പറയാതെ പറഞ്ഞു വച്ച - ചൂണ്ടിക്കാണിക്കുന്ന- ഒരു സത്യമുണ്ട്‌. നിശ്ശബ്ദസേവനത്തിന്‍റെ സന്ദേശം. കുപ്പത്തൊട്ടിയോടു പറയാനുള്ളതു പറഞ്ഞ് കടന്നു പോകുന്ന കവി, അനുവാചകന്‍റെയുള്ളില്‍ മറ്റു ചില ചിന്തകള്‍ കൂടി വിതച്ചിട്ടു പോകുന്നു. മനുഷ്യര്‍ക്കിടയിലും നിസ്വാര്‍ത്ഥവും, നിശ്ശബ്ദവുമായി സേവനമനുഷ്ഠിക്കുന്ന പലരും ഈ കുപ്പത്തൊട്ടി പോലെയാണ്. അവര്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുക മാത്രം ചെയ്യുന്നു. ശേഷം അവജ്ഞയും. അതേത്തുടര്‍ന്നു വരുന്ന കാളാമുണ്ടം എന്ന കവിതയും നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്നു.

കവിതകളുടെ സാങ്കേതികവശം പരിശോധിച്ചാലും, കാലഘട്ടത്തിന് അനുയോജ്യമായ ഭാഷയും,ശൈലിയും,അവതരണവുമാണ്. സമകാലീന സംഭവവികാസങ്ങളോടും, വ്യവസ്ഥിതിയോടും സം‌വദിക്കുകയും, പ്രതികരിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നവയാണ് കാപ്പിലാന്‍റെ ഒട്ടുമുക്കാലും കവിതകള്‍. അവര്‍ പരിധിക്കു പുറത്താണ് എന്ന കവിത ഗഹനമായി ചിന്തിപ്പിക്കുന്ന ഒന്നാണ്. പാണ്ഡിത്യത്തിന്‍റെ ഉന്നത തലത്തിലിരുന്നു കൊണ്ട് അല്ലെങ്കില്‍ മറ്റേതോ ലോകത്തിലിരുന്നു കൊണ്ട് താഴേക്കു നോക്കി കൊഞ്ഞനം കാട്ടുകയല്ല, മറിച്ച് ഭൂമിയില്‍ നിന്നുകൊണ്ട്‌ ചുറ്റും നോക്കി അവനവന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തെയും, അവനവനെത്തന്നെയും നോക്കി കവിതപാടുന്ന ഈ ശൈലി എടുത്തു പറയേണ്ട ഒരു വസ്തുത ആണെന്നു മാത്രമല്ല ഇന്നത്തെ കവികള്‍ എന്ന് അവകാശപ്പെടുന്ന പല കെങ്കേമന്മാര്‍ക്കും ഒരിക്കലും സാധിക്കാത്ത ഒരു കാര്യവും കൂടിയാണ്. എടുത്തു പറയട്ടെ, അഹങ്കാരം ഇല്ലായ്മ മാത്രമാണ് കവിതയെ ഇത്തരത്തില്‍ സമീപിക്കുവാന്‍ കവിയെ ശക്തനാക്കുന്നത്. ഒരു ചെറു പുഞ്ചിരിയിലൂടെ കരണത്തടിക്കുന്ന ഹാസ്യകവനകലയുടെ മര്‍മ്മം നന്നായി ദര്‍ശിക്കാവുന്ന കവിതകള്‍ കവിയുടെ കൊള്ളികള്‍ എന്ന ബ്ലോഗിലും, നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിലും വേണ്ടുവോളമുണ്ട്.

കവിയാകാന്‍ വേണ്ടി കവിതകളെഴുതുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്‌. അത്തരം കവിതകളില്‍ ഒരു ‘വലിഞ്ഞു കേറി വന്ന’ അനുഭവം നമുക്കു കാണാന്‍ കഴിയും. ഭാഷയുടെ കാര്യത്തിലായാലും, വിഷയത്തിന്‍റെ കാര്യത്തിലായാലും, അവതരണത്തിന്‍റെ കാര്യത്തിലായാലും എല്ലാം ആ ഒരു വലിഞ്ഞു കയറ്റത്തിന്‍റെ വൈരുദ്ധ്യം അത്തരം കവിതകളില്‍ കാണാം. ഇവിടെ, ലാല്‍ പി തോമസ് എന്ന വ്യക്തിയും കാപ്പിലാന്‍ എന്ന കവിയും വേര്‍പിരിയാനാവാത്തവിധം ഒന്നായി (ലാല്‍ പി തോമസിന്‍റെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ആവിഷ്കരിക്കുന്നതില്‍ കാപ്പിലാന്‍ എന്ന കവിക്ക് തെല്ലും പിഴവു സംഭവിക്കുന്നില്ല എന്നര്‍ത്ഥം) നില്‍ക്കുകയാണ് എന്നതുകൊണ്ടു തന്നെ കാപ്പിലാന്‍ കവിതകളില്‍ വൈരുദ്ധ്യങ്ങള്‍ കാണുവാന്‍ വിഷമമാണ്.

ചില കവിതകളില്‍ അസ്ഥാനത്ത് വരികള്‍ മുറിച്ച് വൃത്തികേടാക്കിയതു പോലെ അനുഭവപ്പെട്ടു. അപ്പൊഴും അതിലെ ആശയം ഗംഭീരം തന്നെ. കവിയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന കവിതകളും നിഴല്‍ച്ചിത്രങ്ങളില്‍ ധാരാളമുണ്ട്.

ലളിതമായ വാക്കുകളിലൂടെ അനല്പമായ കാര്യങ്ങള്‍ ഒരു അദ്ധ്യാപകനേപോലെയോ, പ്രാസംഗികനെപ്പോലെയോ മേടയില്‍ നിന്നു പ്രസംഗിക്കാതെ, ഒരു നല്ല സുഹൃത്തായി കവി നമ്മുടെ ഹൃദയത്തിലിരുന്ന് ചൊല്ലിത്തരുന്ന അനുഭവമാണ് ഈ കൊച്ചു പുസ്തകം വായിച്ചതിലൂടെ എനിക്കനുഭവപ്പെട്ടത്. ഈ പുസ്തകം മലയാളസാഹിത്യലോകത്തിന് ലഭ്യമായ വിലപ്പെട്ട ഒരു സംഭാവന തന്നെയെന്നതില്‍ സംശയമില്ല.

കവിക്ക് എല്ലാവിധ ആശംസകളും, നന്മയും നേരുന്നു.

© ജയകൃഷ്ണന്‍ കാവാലം

Saturday, May 2, 2009

8. കാദംബരി

കേവലം രണ്ടു പോസ്റ്റുകള്‍ മാത്രം ഇതുവരെ ഉള്ള ഒരു ബ്ലോഗാണ് കാദംബരിയുടെ ലോകം. എങ്കിലും കവിത്വം നിറഞ്ഞ വരികള്‍ കവയത്രിയുടെ ഭാവനാനൈപുണിയേയും, നിരീക്ഷണത്തെയും വെളിവാക്കുന്നുണ്ട്‌. അതു തന്നെയാണ് വായനശാലയില്‍ കാദംബരിക്കുള്ള സ്ഥാനവും.

നിന്‍ കരസ്പര്‍ശമാം
ചന്ദനകുളിരണിയുവാന്‍
തരിക നീ പച്ചപ്പിന്‍
മൃദു സ്വപ്ന കംബളം...

എന്നവസാനിക്കുന്ന കാദംബരിയുടെ ലോകത്തിലെ രണ്ടാമത്തെ കവിതയിലെ അവസാന വരികള്‍ ശ്രദ്ധിക്കൂ, വരണ്ടുണങ്ങിയ മരുഭൂമിയില്‍ പച്ചപ്പ്‌ കൊതിക്കുന്ന മനസ്സിന്‍റെ പ്രാര്‍ത്ഥനയെ എത്ര സൌമ്യമായി അവതരിപ്പിച്ചിരിക്കുന്നു. പ്രതീക്ഷ അത് മരുഭൂവില്‍ പച്ചപ്പിനോ, ഒരിറ്റു ദാഹജലത്തിനോ ആയാലും, വേദനിക്കുന്ന ഹൃദയം കൊതിക്കുന്ന സ്നേഹമായാലും, യോഗി പ്രത്യാശിക്കുന്ന മോക്ഷമായാലും; എന്തിനേറെ ഒരു പ്രിയസുഹൃത്തിന്‍റെ ആഗമമായാല്‍ പോലും, പ്രതീക്ഷക്കും, പ്രതീക്ഷ എന്ന പദത്തിനും ഒരു ഉണ്മയുണ്ട്‌, ശുഭത്വമുണ്ട്‌. അത് ചോര്‍ന്നു പോകാതെ എഴുതിയിരിക്കുന്നു ഈ കവിതയില്‍.

ഹൃദ്യമായ ഡിസൈനും, ലേ ഔട്ടും ഈ കുഞ്ഞു ബ്ലോഗിനെ വിശിഷ്യാ മനോഹരമാക്കിയിരിക്കുന്നു. കവയത്രി (അതോ കവിയോ?) ഇനിയും ധാരാളം എഴുതേണ്ടിയിരിക്കുന്നുവെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഈ തുടക്കം മധുരതരം തന്നെയെന്നത് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.

അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഈ ബ്ലോഗിന് പ്രത്യേകം ശ്രദ്ധയും, പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്‌. കാദംബരിയുടെ ടൈറ്റില്‍ ബാനറില്‍, തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങളെപ്പോലെ ഭാവിയില്‍ ഇവിടെ വിരിഞ്ഞേക്കാവുന്ന പദമലരുകളുടെ കാവ്യമാധുര്യം നുകരുവാന്‍ ധാരാളം ആസ്വാദകര്‍ വന്നെത്തുമെന്നതില്‍ സംശയം തോന്നുന്നില്ല.

വര്‍ത്തമാനത്തിന്‍റെ നോവില്‍ ഗംഗാജലം വര്‍ഷിച്ചു ശാന്തമാക്കുവാനും, വ്യവസ്ത്ഥിതിയുടെ അപചയങ്ങളില്‍ പ്രഹരശക്തിയാകുവാനും പോന്ന ശക്തിയും, സൌന്ദര്യവും കാദംബരിയുടെ അക്ഷരങ്ങള്‍ക്ക്‌ ലഭിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

കാദംബരിയുടെ ലോകം ഇവിടെയാണ്

© ജയകൃഷ്ണന്‍ കാവാലം